Saturday, April 7, 2018

ബന്ധനങ്ങളിൽ നിന്നും വിടുവിക്കുന്ന സത്യാരാധന

ലൂക്കോസ്  13: 10-17 


ആരാധനയ്ക് സാധാരണ നൽകുന്ന ഒരു വ്യാഖ്യാനം to ascribe due worth to God എന്നതാണ്. ആരാധന എന്നാൽ  ദൈവത്തെ സന്തോഷിപ്പിച്ച് അനുഗ്രഹങ്ങൾ നേടിയെടുക്കുന്ന വില കുറഞ്ഞ പ്രീണനമാണ് എന്ന ധാരണ അപകടകരമാണ്. ദൈവത്തെ പ്രീണിപ്പിക്കുവാൻ  മനുഷ്യർ ചെയ്യുന്നതെല്ലാം അങ്ങനെ ദൈവത്തെ പ്രസാദിപ്പിക്കുന്നില്ലെന്ന് വേദപുസ്തകം തന്നെ സൂചിപ്പിക്കുന്നുണ്ട് . (നിങ്ങളുടെ ഹനനയാഗങ്ങളുടെ ബാഹുല്യം എനിക്കെന്തിന് ...ഇനി നിങ്ങൾ വ്യർത്ഥമായുള്ള കാഴ്ച്ച  കൊണ്ടുവരരുത്. യെശയ്യാവ്‌ 1: 11-13). 

ആരാധന ഏകമാനമായ ഒരനുഭവമല്ല, മറിച്ച് നാം ദൈവത്തെയും  ദൈവം നമ്മെയും അഭിമുഖീകരിക്കുകയും തമ്മിൽ ഏർപ്പെടുകയും ചെയുന്ന അനുഭവമാണത്. ഞാൻ ദൈവത്തോടും ദൈവം എന്നോടും എങ്ങനെ വർത്തിക്കുന്നുവെന്ന് ആഴമായി ധ്യാനിക്കുകയും മനനം ചെയുകയും ചെയുന്ന പ്രാർത്ഥനയുടെ സമയമാണ് ആരാധന. ദൈവ-മനുഷ്യ ബന്ധത്തെ വ്യക്തമാക്കുവാൻ വേദപുസ്തകം ഉപയോഗിക്കുന്ന ചിന്തകളായ സൃഷ്ടി, ഉടമ്പടി, പാപം, വീണ്ടെടുപ്പ്, ദൈവജനം, യുഗാന്ത്യ പ്രത്യാശ തുടങ്ങിയവയെല്ലാം ക്രിസ്‌തീയ ആരാധനയിൽ ബൗദ്ധികമായ വിചാരപ്പെടലുകൾക്ക് വിധേയമാക്കുന്നുണ്ട്. ആരാധന ആത്യന്തികമായി ഉയർത്തുന്ന ചോദ്യം ആരാധകന്റെ അഥവാ ആരാധക സമൂഹത്തിന്റെ ജീവിത ദർശനത്തെയും, ദിശാബോധത്തെയും കുറിക്കുന്നതാണ്. ദൈവത്തോടുള്ള ശരിയായ ബന്ധത്തിലേക്കുള്ള മടങ്ങി വരവാണ് ഓരോ ആരാധനയും ഉന്നം വയ്ക്കുന്നത്. എബ്രായ പാരമ്പര്യത്തിലെ ആരാധനകളെല്ലാം ഉടമ്പടിയുടെ പശ്ചാത്തലത്തിലാണ് അരങ്ങേറുന്നത്. ഉടമ്പടി ദൈവം മനുഷ്യരോടും മനുഷ്യർ ദൈവത്തോടും അടുത്ത് വരുന്ന സുന്ദരമായ സ്നേഹബന്ധത്തിന്റെ ചിത്രമാണ് കോറിയിടുന്നത്.


ക്രിസ്തു-ആരാധനയുടെ സമ്പൂർണ്ണ ചിത്രം

സുവിശേഷങ്ങൾ ക്രിസ്തുവിനെ യെരുശലേമിലെ ദൈവാലയം എന്തിന് വേണ്ടി നിലകൊണ്ടോ അതിന്റെയെല്ലാം പൂർത്തികരണമായാണ് ചിത്രീകരിക്കുന്നത്. ലൂക്കോസിന്റെ സുവിശേഷം 10-ആം അദ്ധ്യായം 10 മുതൽ വായിക്കുമ്പോൾ അവനെ ശബ്ബത്തിൽ ഉപദേശിക്കുന്നവനായികാണുന്നു. അവിടെ പതിനെട്ട് സംവത്സരമായി കുനിയായിട്ട് ഒട്ടും നിവരുവാൻ കഴിയാതിരുന്ന ഒരു സ്ത്രീ ഉണ്ടായിരുന്നു എന്ന രേഖപ്പെടുത്തുന്നു. യേശു അവളെക്കണ്ട് അടുക്കെ വിളിച്ച്  പറയുന്നു; "സ്ത്രീയെ നിന്റെ രോഗബന്ധനം അഴിഞ്ഞിരിക്കുന്നു."  അവളുടെ മേൽ കൈ വയ്ക്കുന്നത് അവളോടുള്ള അനുകമ്പയുടെ ആഴത്തെ സൂചിപ്പിക്കുന്നതാണ്.  അവൾ ക്ഷണത്തിൽ നിവർന്ന് ദൈവത്തെ മഹത്വപ്പെടുത്തി. ശബ്ബത്തിൽ  സുഖപ്പെടുത്തിയത് കൊണ്ട് പള്ളിപ്രമാണി നീരസപ്പെട്ടു. അയാൾ പുരുഷാരത്തോട് പറയുന്നു; "വേല ചെയ്‍വാൻ ആറ്   ദിവസങ്ങൾ ഉണ്ടല്ലോ, അതിനകം വന്ന്  സുഖം വരുത്തി കൊള്ളട്ടേ, ശബ്ബത്തിൽ അരുത്." 

അയാൾ പള്ളിയുടെ ഇടപാടുകളുടെ മേൽനോട്ടക്കാരനായിട്ടും ശബ്ബത്തിന്റെ അന്ത:സത്തയെന്തെന്ന് മനസ്സിലാക്കുന്നതിൽ അമ്പേ പരാജയപ്പെടുന്നു എന്ന്  തുടർന്നുള്ള തന്റെ വാക്കുകളിലൂടെ ക്രിസ്തു തുറന്ന് കാട്ടുകയാണ്. "കപടഭക്തികാരെ  നിങ്ങളിൽ ഓരോരുത്തൻ ശബ്ബത്തിൽ തന്റെ കാളയെയോ  കഴുതയെയോ തൊട്ടിയിൽ നിന്ന് അഴിച്ച് കൊണ്ട് പോയി വെള്ളം കുടിപ്പിക്കുന്നില്ലയോ? എന്നാൽ അബ്രഹാമിന്റെ മകളായ ഇവളുടെ ബന്ധനം ശബ്ബത്ത് നാളിൽ അഴിച്ച് വിട്ടേണ്ടതല്ലയോ? ശബ്ബത്ത് നാളിൽ ഈ ബന്ധനം അഴിച്ച് വിട്ടേണ്ടതല്ലയോ?" ശബ്ബത്ത് നാളിന്റെ പ്രത്യേകത തന്നെ ഈ മോചനത്തിന്റെ ഉദാരമായ നീട്ടിക്കൊടുക്കലാണ് എന്ന ക്രിസ്തു പ്രസ്താവിക്കുകയാണ്. അവൻ ഇത് പറഞ്ഞപ്പോൾ അവന്റെ വിരോധികളെല്ലാം നാണിച്ചു, അവരുടെ ഉത്തരം മുട്ടിപ്പോയി എന്ന് സുവിശേഷകൻ രേഖപ്പെടുത്തുന്നു.

ആരാധിക്കുന്ന ജനം വിടുവിക്കപ്പെടും, വിടുവിക്കപ്പെടുന്ന ജനം ആരാധിക്കും ഇത് ഒരു തുടർച്ചയാണ്. പുറ . 3 :11 -18 വരെയുള്ള വാക്യങ്ങൾ ഈ തുടർച്ചയെ വളരെ സുന്ദരമായി ചിത്രീകരിക്കുന്നുണ്ട്. ആരാധന ദൈവത്തെ കാണുന്ന, അറിയുന്ന അനുഭവമാണ്. ദൈവവെളിപ്പാട് മനുക്ഷ്യനെപ്പറ്റിത്തന്നെയുള്ള ശരിയായ അറിവിലേക്കാണ് നമ്മെ നയിക്കുന്നത്. ഞാനാകുന്നവൻ ഞാനാകുന്നു. പൂർവ്വ പിതാക്കന്മാരുടെ ദൈവം-ഇന്നത്തെ തലമുറകളുടെ ജീവിതയാത്രകളിൽ ഭാവിയിലേക്ക്  കൈപിടിച്ച് നടത്തുന്നവനാണ്.