Sunday, May 15, 2016

പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നവരാകുക

പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നവരാകുക 


ഭൂമിയിൽ ദൈവഹിതത്തിന്റെ സൂക്ഷിപ്പുകാരനാണ്  പരിശുദ്ധാത്മാവ്. ദൈവത്തിന്റെ വിഭാവനകളെയും കൽപ്പനകളെയും പൂർത്തീകരിക്കുന്ന ആവാസമായാണ് പരിശുദ്ധാത്മാവ് വേദപുസ്തകത്തിലും ക്രൈസ്തവ സഭയുടെ ദൈവശാസ്ത്ര-ആരാധനാ പാരമ്പര്യങ്ങളിലും രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. പാഴും ശൂന്യവും അഗാധമായ ഇരുട്ടും  ആയിരുന്ന   ആദിമ ഭൌമ പ്രതലങ്ങളിൽ പരിശുദ്ധാത്മാവ് പരിവർത്തിക്കുന്നതിന്റെ  ചിത്രം ഉല്പ്പത്തി പുസ്തകം നൽകുന്നുണ്ട് (ഉൽപ്പ. 1: 2). ദൈവത്തിന്റെ സൃഷ്ടിയിലെ ജീവന്റെ പ്രസരിപ്പും, വൈവിധ്യങ്ങളും പരിശുദ്ധാത്മാവിന്റെ പ്രവർത്തനമാണെന്നും വേദപുസ്തകം സാക്ഷിക്കുന്നു. ദൈവത്തിന്റെ സൃഷ്ടിയുടെ കാര്യവിചാരായി നിയോഗിതരാകുന്ന മനുഷ്യരുടെ ഹൃദയങ്ങളെ നിയന്ത്രിച്ച് ദൈവത്തിന്റെ ഇംഗിതങ്ങളെ ആരാഞ്ഞ് പൂർത്തീകരിക്കുന്ന  നടപടികളിൽ അവരെ പരിശുദ്ധാത്മാവ് സൂക്ഷിക്കുന്നു. എന്നാൽ മനുഷ്യർ  ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ പ്രേരണകളോട് പുറംതിരിഞ്ഞ് നിലക്കുന്നതിന്റെ ചിത്രം ഉല്പ്പത്തി 3-ആം അദ്ധ്യായത്തിൽ വിവരിക്കുന്നുണ്ട്. അവർക്ക്  പുതിയ ഉപദേശകർ ഉണ്ടാവുകയും ആ ഉപദേശങ്ങളെ പരിശുദ്ധാത്മ പ്രേരണകൾക്ക് മേലേ പരിഗണിക്കുകയും ചെയ്യുന്നത് ദൈവത്തോടുള്ള അകൽച്ചകളിലേക്കും പാപങ്ങളിലേക്കും അവരെ നയിക്കുന്നു. പരിശുദ്ധാത്മാവിന്റെ സ്വധീനങ്ങളോട് കൊട്ടി അടയപ്പെടുന്ന മനുഷ്യ മന;സാക്ഷിയെപ്പറ്റിയുള്ള ദൈവത്തിന്റെ വിലാപമാണ് ഉൽപ്പ. 6  ന്റെ 3-ഉം  5-ഉം വാക്യങ്ങളിൽ കാണുന്നത് ("മനുഷ്യനിൽ എന്റെ ആത്മാവ് സദാകാലവും വാദിച്ചുകൊണ്ടിരിക്കയില്ല; അവർ ജഡം തന്നെയല്ലോ;..."). ദുഷ്ടത നിറഞ്ഞ മനുഷ്യ ഹൃദയത്തിന്റെ ക്ഷാളനമാണ് നോഹയുടെ കാലത്തെ പ്രളയം ആലങ്കാരികമായി പ്രതിനിധീകരിക്കുന്നത്. പ്രവാചക പാരമ്പര്യങ്ങളിൽ ദൈവാത്മാവിന് വഴങ്ങാത്ത മനുഷ്യഹൃദയങ്ങളുടെ തിരിയലാണ് മാനസാന്തരം കൊണ്ട് അർത്ഥമാക്കുന്നത്. ദൈവത്തിന്റെ ആത്മാവിനെ പ്രതിരോധിക്കുന്ന ഹൃദയങ്ങൾ കല്ലായുള്ള ഹൃദയങ്ങളാണ് എന്നും അവ നീക്കി മാംസളമായ പുതിയ ഹൃദയത്തിന്റെ  പ്രതിഷ്ഠ ആത്മാവ് ചെയ്യുന്നു എന്നും  യെഹസ്കേൽ 36: 26-ൽ നാം വായിക്കുന്നു. ആത്മാവ് ദൈവത്തിലുള്ള വിശ്വാസത്തെ ഉദ്ദീപിപ്പിക്കുന്ന സാന്നിദ്ധ്യമാണ്. അത് പാപത്തെക്കുറിച്ചും, നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ബോധം വരുത്തുന്ന ആത്മാവാണ് (യോഹ.16:8). ഈ ലോകത്തിന്റെ ക്രയ-വിക്രയങ്ങളെ, ഈ ലോകത്തിന്റെ ജയ-പരാജയങ്ങളെ വിലയിരുത്തുന്ന മാപിനികളിൽ അളക്കാതെ ഉന്നതമായ സ്വർഗ്ഗീയമായ മൂല്യബോധങ്ങളിൽ നോക്കിക്കാണാൻ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുന്നുണ്ട്. സഹചരോട് ചെയ്തു പോകുന്ന അതിക്രമങ്ങളിൽ പാപത്തിന്റെ വിത്ത് മുളയ്ക്കുന്നുണ്ടെന്നും, നീതിപാതയിലെ നടപ്പ് ഏറെ സഹനവും ധീരതയും ആവശ്യപ്പെടുന്നുണ്ടെന്നും, ഓരോ കർമ്മങ്ങളും  ന്യായവിധിയെപ്പറ്റിയുള്ള അവബോധവുമായി ബന്ധിപ്പിക്കപ്പെടുമ്പോൾ അവയുടെ ഫലം ഗുണപരമായി ശ്രേഷ്ഠമായിരിക്കും എന്നും  പരിശുദ്ധാത്മാവ് നമ്മെ പഠിപ്പിക്കുന്നുണ്ട്. അതിനാൽ  ആത്മാവ് നമ്മെ നിത്യജീവനുമായി ബന്ധിപ്പിക്കുന്ന ദൈവസാന്നിദ്ധ്യമാണ്. ക്ഷണികമായ ലാഭങ്ങളെക്കാൾ നിത്യവും ശ്രേഷ്ഠവുമായ ദൈവിക മൂല്യങ്ങളുടെ വർദ്ധനയാണ് ഓരോ മനുഷ്യരും തങ്ങളുടെ കർമ്മങ്ങളിലൂടെ ലക്ഷ്യമിടേണ്ടത് എന്ന്  പരിശുദ്ധാത്മ സാന്നിദ്ധ്യം നമ്മെ നിരന്തരം ഓർമ്മപ്പെടുത്തുന്നു .റോമർ 8: 12-17-ൽ  ജഡത്തെ അനുസരിക്കുന്നവർ മരിക്കും എന്നും ആത്മാവിനാൽ ജഡത്തെ മരിപ്പിക്കുന്നവർ ജീവിക്കും എന്നും എഴുതിയിരിക്കുന്നു. പരിശുദ്ധാത്മാവ് നാം മരിച്ചാലും ജീവിക്കും എന്ന ബോധം ഉണർത്തുന്നത് , ഇഹലോക ജീവിത അനുഭവങ്ങൾക്ക്  പുതിയ ഒരു ഉത്തേജനം പകരുന്നുണ്ട്. ആത്മാവിനെ നശിപ്പിപ്പാൻ കഴിയാത്തവരെ ഭയപ്പെടരുതെന്ന് ക്രിസ്തു തന്റെ ശിഷ്യന്മാരെ പഠിപ്പിക്കുന്നത് ഇത്തരത്തിൽ ലോകത്തിന്റെ പ്രലോഭനങ്ങളോടും ഭീഷണികളോടും പൊരുത്തപ്പെടാത്ത, ദൈവാത്മാവിനാൽ നയിക്കപ്പെടുന്ന ജീവിതത്തിലായിരിപ്പാനാണ്. ക്രിസ്തു തന്റെ നിലപാടുകളിലും, തെരഞ്ഞെടുപ്പുകളിലും പുലര്ത്തിയ അസാമാന്യമായ ധൈര്യം ഇത്തരത്തിൽ താൻ ആത്മാവിനാൽ നയിക്കപ്പെടുന്നു എന്ന അവബോധത്തിൽ നിന്നും ഉയിർ  കൊണ്ടതാണ്. വി. പൗലോസ് അതിനെ "പുത്രത്വത്തിന്റെ ആത്മാവ്" എന്ന്  വിശേഷിപ്പിക്കുമ്പോൾ ദൈവം നമ്മെ തന്റെ ശുശ്രൂഷകളെ നിറവേറ്റുന്ന നിയോഗങ്ങളിൽ സമ്പൂർണ്ണമായി ഏറ്റു കൊള്ളുന്നു എന്ന ഉറപ്പിനെയും വിശ്വാസത്തെയും സൂചിപ്പിക്കുകയാണ് (റോമർ 8: 14, 15).  "എന്നാൽ പരിശുദ്ധാത്മാവ് നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ട് യെരുശലേമിലും യെഹൂദ്യയിൽ എല്ലായിടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികളാകും..." (അ. പ്ര. 1:8). സാക്ഷ്യ നിർവ്വഹണത്തിന്റെ ഊർജ്ജവും ശക്തിയും പരിശുദ്ധാത്മാവാണ് എന്ന അവബോധമാണ് ആദിമ സഭയെ അതിന്റെ സാക്ഷ്യ അനുഭവങ്ങളിൽ  പ്രതികൂലങ്ങളുടെ ചുറ്റുപാടിലും നിലനിർത്തുന്നത്. പരിശുദ്ധാത്മാവ് ക്രിസ്തുവിന്റെ പഠിപ്പിക്കലുകളുടെയും ചെയ്തികളുടെയും ഓർമ്മകളുമായി നമ്മെ വിളക്കി സൂക്ഷിക്കുന്ന ദൈവസാന്നിദ്ധ്യമാണ് (യോഹ. 14:26). വിശ്വാസികളുടെ സമൂഹത്തിന്റെ നിലനില്പ്പിനും മുന്നേറ്റത്തിനും ഈ ഓർമ്മപ്പെടുത്തൽ  ഒരു അനിവാര്യതയാണ്. യേശുവിന്റെ മരണത്തിനും ഉയിര്പ്പിനും സ്വർഗ്ഗാരോഹണത്തിനും ശേഷം അവന്റെ പഠിപ്പിക്കലുകൾ ശിഷ്യർ നിരന്തരം അനുസ്മരിക്കുന്നു. അത് ആഴമുള്ള തിരിച്ചറിവുകളിലേക്കും വിശ്വാസ അനുഭവങ്ങളിലേക്കും അവരെ ആനയിച്ചു. ദൈവം പുത്രനെ ലോകത്തിന്റെ നവീകരണത്തിനും വീണ്ടെടുപ്പിനുമായി അയയ്ക്കുന്നതിന്റെ തുടർച്ചയിലാണ് ആത്മാവ് അയയ്ക്കപ്പെടുന്നത്-ആ  തുടർച്ചയിൽ തന്നെയാണ് സഭ നിയോഗിക്കപ്പെടുന്നതും. ലോകത്തിന്റെ സൃഷ്ടിയിൽ ദൈവം ആരംഭിക്കുകയും അതിനോടുള്ള തുടർ  ബന്ധങ്ങളിൽ നിർവ്വഹിക്കുകയും  ചെയ്യുന്ന ദൈവിക പ്രവർത്തികളിൽ പങ്കുകാരാവാനാണ് എല്ലാ നിയോഗവും. ക്രിസ്തു ഉയിർപ്പിന് ശേഷം ശിഷ്യർക്ക്  വാഗ്ദാനം ചെയ്യുന്ന സമാധാനത്തിലേക്ക് പരിശുദ്ധാത്മാവ് അവരെ വഴി നടത്തുന്നു. 

No comments:

Post a Comment