Friday, September 25, 2015

Luke 18: 31-34

നന്മയുടെ ശുശ്രൂഷയിലേക്കുള്ള ദൈവവിളി 
ലൂക്കോ. 18: 31-34 

"ഇതാ നാം യെരുശലേമിലേക്ക്  പോകുന്നു; മനുഷ്യപുത്രനെക്കുറിച്ച് പ്രവാചകന്മാർ എഴുതിയിരിക്കുന്നതെല്ലാം നിവൃത്തിയാകും ." (വാ. 31)

ലൂക്കോസിന്റെ സുവിശേഷത്തിൽ യേശു തന്റെ പീഢാനുഭവത്തെയും കുരിശുമരണത്തെയുംപ്പറ്റി  നടത്തുന്ന മൂന്നാമത്തെ ദീർഘദർശനമാണ് ഈ ഭാഗത്ത് പ്രതിപാദിക്കുന്നത്. യെരുശലേമിലേക്കുള്ള തന്റെ യാത്ര ഒഴിച്ചുകൂടാൻ പറ്റാത്ത അനിവാര്യതയായി യേശു തിരിച്ചറിയുന്നുണ്ട്. പിതാക്കന്മാരാൽ ഏൽപ്പിക്കപ്പെട്ടതും പ്രവാചകന്മാരാൽ മുൻനിയമിക്കപ്പെട്ടതുമായ ശുശ്രൂഷയിൽ തന്റ്റെ ശിഷ്യന്മാർക്ക്  മുൻപേ നടക്കേണ്ടത് ഒരു  അനിവാര്യതയായി യേശു കാണുന്നുണ്ട്.

കുരിശിൻറ്റെ  വഴിയെ മുന്പെ നടക്കുന്ന ദൗത്യം 
നന്മയുടെ വർദ്ധനവിന്റെ ശുശ്രൂഷയിൽ കുരിശ് അനിവാര്യതയാണ്; ഒഴിച്ചു കൂടാൻ  പറ്റാത്ത പാനപാത്രമാണ്. ഈ  യാത്രയിൽ യേശു ശിഷ്യന്മാർക്ക്  മുമ്പായി നടക്കുന്നു; അവൻ ഏൽപ്പിക്കപ്പെടുന്നു (ശിഷ്യർ രക്ഷപെടുന്നു); അവൻ ക്രൂശിക്കപ്പെടുന്നു ( ശിഷ്യർ വാതിലടച്ചിരിക്കുന്നു). അവൻ ഉരിർത്തെഴുന്നേൽക്കുന്നു; ഭയവിഹ്വലരായ ശിഷ്യന്മാർക്ക് തന്നെത്തന്നെ ഉത്ഥിതനായി  വെളിപ്പെടുത്തുന്നു. അടഞ്ഞ മുറിയിലും എമ്മവുസിലേക്കുള്ള വഴിയിലും "ഞാൻ നിങ്ങൾക്ക് മുന്പായി ഗലീലിയിലേക്ക് പോകുന്നു" എന്ന  ഉറപ്പ് അവർക്ക്  നല്കുന്നു. അവൻ അവരുടെ സങ്കടങ്ങളും ആശങ്കകളും പങ്കു വയ്ക്കുന്നു . ക്രിസ്തു ഉയിർപ്പിന്റെ  പ്രതീക്ഷയിലേക്ക് അവരുടെ തളർന്ന  ബോധത്തെ തിരികെ കൊണ്ടു വരുന്നു. അവൻ അപ്പമെടുത്ത് വാഴ്ത്തുമ്പോൾ അവർ തിരിച്ചറിയുന്നു അവനിപ്പോഴും തങ്ങൾക്ക് മുമ്പായി ഗലീലിയിലേക്ക് നടന്നുകൊണ്ടിരിക്കുകയാണ്. അവരുടെ സാക്ഷ്യം ശ്രദ്ദേയമാണ്, "അവൻ നമുക്ക് മുമ്പായി ഗലീലിയിലേക്ക് പോയിരിക്കുന്നു. " യേശുവിനെ അവന്റെ യാത്രയിൽ എത്തിപ്പിടിക്കാനുള്ള ശ്രമമായി ശിഷ്യരുടെ ജീവിതം സാക്ഷ്യമായി രൂപാന്തരപ്പെടുന്നു. വേദനകളുടെയും, പോരായ്മകളുടെയും, ശൈഥില്യങ്ങളുടെയും ഗലീലിയിലേക്ക് അവൻ ഇന്നും നമുക്ക് മുന്പായി യാത്ര ചെയ്യുന്നു.

വരമ്പുകളെ മറികടകുന്ന  സ്നേഹത്തിൻറെ ശുശ്രൂഷ
സർവ്വ സൃഷ്ടികൾകും വിവേചനമില്ലാതെ നന്മ വിളമ്പുന്ന  ശുശ്രൂഷയിലേക്കാണ് ദൈവം നമ്മെ വിളിക്കുന്നത്. ഉത്പ. 1: 24-31 വരെ മനുഷ്യന്റെ സൃഷ്ടിയുടെയും  നിയോഗത്തിന്റെയും  വിവരണമാണ്.  സർവ്വസൃഷ്ടികളുടെയും ക്ഷേമത്തിന്റെ കാവൽ  മനുഷ്യകുടുംബത്തിന് നല്കപ്പെടുന്നു. അപ്പോ. പ്ര. 10: 9-16 അതിരുകൾ  ബാധകമാകാത്ത സ്നേഹം പകരുന്ന ശുശ്രൂഷയിലേകുള്ള ആദിമ സഭയുടെ ദൈവവിളിയെയാണ് കുറികുന്നത് .  പത്രോസിനുണ്ടാകുന്ന ദർശനം ജീവന്റെ പരസ്പര ബന്ധിതമായ നിലനില്പ്പിനെയും സമത്വഭാവത്തെയുമാണ്  സൂചിപ്പിക്കുന്നത്. ജാതിയുടെയും വംശീയതയുടെയും അതിർവരമ്പുകൾക്കപ്പുറത്തേക്ക്  ദൈവസ്നേഹം നീട്ടി നല്കുന്ന ശുശ്രൂഷയാണ് ദൈവം സഭയെ ഭരമേൽപ്പിക്കുന്നത് എന്ന്  പത്രോസും കൂട്ടരും മനസ്സിലാക്കുന്നുണ്ട്. കുരിശ് അനിവാര്യമായ അനുഭവമാകുന്നത്  പിതാവിന്റെ ഇഷ്ടത്തിന് വിധേയപ്പെട്ട് മനുഷ്യനിർമ്മിത അതിരുകൾക്കപ്പുറത്തേക്ക് സ്നേഹത്തിന്റെ സാക്ഷ്യം നിർവ്വഹിക്കുന്നത് കൊണ്ടാണ് . 

ക്രിസ്തുവിനെ സുഗ്രഹമായ അനുഭവമാക്കുന്ന ശുശ്രൂഷ 
യേശുവിന്റെ  ശുശ്രൂഷയെ മനസ്സിലാക്കുന്നതിൽ ശിഷ്യന്മാർ തുടരെ പരാജയപ്പെടുന്നുണ്ട്. യേശു രാജാവാകുന്നതും അവന്റെ അധികാരം പങ്കിട്ടാനന്ദിക്കുന്നതും അവർ സ്വപ്നം കാണുന്നുണ്ട്. ഈ വൈകാരികസ്ഥിതിയിൽ താൻ പിടിക്കപ്പെടുമെന്നും യഹൂദമത നേതൃത്വം തന്നെ ക്രൂശിക്കാൻ ഏൽപ്പിക്കുമെന്നുമുള്ള യേശുവിന്റെ വാക്കുകൾ അവർക്ക് ഉൾക്കൊള്ളുവാൻ സാധികുന്നില്ല. യേശുവിന്റെ ജീവിതവും, ദർശനവും, ശുശ്രൂഷകളും അവർക്ക് എന്നും ദുർഗ്രഹമായിരുന്നു എന്ന്  സുവിശേഷങ്ങളിൽ നാം വായിക്കുന്നുണ്ട്. ശിഷ്യന്മാരുടെ പരാജയാനുഭവങ്ങൾ തന്റെ വായനക്കരുടെയും അനുഭവമാകാനുള്ള അപകട സാദ്ധ്യത  സുവിശേഷകൻ  ദർശിക്കുന്നുണ്ട്. യേശുവിന്റെ ശിഷ്യന്മാരെന്നവകാശപ്പെടുമ്പോഴും അവൻ നമുക്കിന്നും ദുർഗ്രഹനായി തുടരുന്നു. കുരിശിലേക്ക് നടക്കുന്ന യേശു പാപത്തിന്റെ മഹാ ആഘാതങ്ങളെ തന്റെ ശരീരത്തിലേക്ക് ഏറ്റെടുക്കുകയാണ്. തനിക്ക് നേരിടുന്ന പിഢയും, മരണവും, തള്ളിപ്പറയലും എല്ലാം ഏറ്റെടുക്കുന്ന സഹനം അത്ഭുതകരമാണ്. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് വ്യാപരിക്കുന്ന പാപത്തിന്റെ പരിക്രമണത്തെ തന്റെ മരണം കൊണ്ടവൻ പിടിച്ച് നിർത്തുകയാണ്. ക്രിസ്തു ശിഷ്യരുടെ മരണാനുഭവങ്ങളെ വരിക്കുവാനുള്ള മനസ്സൊരുക്കത്തിലാണ് ക്രിസ്തു വീണ്ടും ജീവിക്കുന്നത്. 
ക്രിസ്തു ഇന്ന് നമുക്ക് ദുര്ഗ്രഹമായ നിഗൂഢതയാണോ? അതോ അനുകരണത്തിനായി നമ്മെ വെല്ലുവിളിക്കുന്ന ദൈവിക നന്മകളുടെ ഏറ്റവും ലളിതമായ ആവിഷ്കാരമാണോ? ഗുരു നമുക്ക് മുൻപേ നടന്ന് പോകുന്നു; അനുഗമനത്തിന്റെ ശക്തിക്കായി നമുക്ക് പ്രാർത്ഥിക്കാം. 



No comments:

Post a Comment